തൊട്ടു തൊട്ടില്ല തൊട്ടൂ.. തൊട്ടില്ല ; മലയാളിയുടെ ഹൃദയത്തിന്റെ അഗാധതയിൽ തൊട്ട് കൊച്ചുപ്രേമൻ വിട വാങ്ങി ; ശബ്ദത്തിലും രൂപത്തിലും സ്വതസിദ്ധമായ ശൈലി സ്വീകരിച്ച കെ.എസ്.പ്രേംകുമാര്‍ എന്ന കൊച്ചു പ്രേമൻ വിട പറയുമ്പോൾ

ന്യൂസ് ഡെസ്ക്ക് : മുതിര്‍ന്നവര്‍ക്കൊപ്പം കൊച്ചു കുട്ടികള്‍ക്കും ഒരുപോലെ പരിചിതനും പ്രിയങ്കരനുമായിരുന്നു അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍.ശബ്ദത്തിലും രൂപത്തിലും സ്വതസിദ്ധമായ ശൈലിയും സ്വന്തമായ സവിശേഷതകളുമായി കൊച്ചു പ്രേമന്‍ മലയാള സിനിമയില്‍ മാത്രമല്ല മലയാളികളുടെ മനസ്സിലും നിറഞ്ഞു നിന്നു. ന്യൂ ജനറേഷന്‍ സിനിമകള്‍ ഉള്‍പ്പടെയുള്ളവയിലും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും സ്വന്തമായൊരിടം കണ്ടെത്തിയ കൊച്ചു പ്രേമന്റെ വിയോഗം മലയാള സിനിമയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

നടകത്തിലൂടെയാണ് കെ.എസ്.പ്രേംകുമാര്‍ എന്ന കൊച്ചു പ്രേമന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കേരള തീയേറ്റേഴ്സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ്. ഒരിക്കല്‍ കൊച്ചു പ്രേമന്റെ നാടകം കണ്ട പ്രശസ്ത സംവിധായകന്‍ ജെ.സി.കുറ്റിക്കാടനാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛനിലൂടെയാണ് സിനിമ നടന്‍ എന്ന ലേബല്‍ കൊച്ചു പ്രേമന് സ്വായത്തമാകുന്നത്. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താനെന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ഗുരുവിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കൊച്ചു പ്രേമന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായി മാറി.ജയരാജ് സംവിധാനം ചെയ്ത തിളക്കത്തിലെ വെളിച്ചപ്പാട് വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചു പ്രേമന്‍ മാറി. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ സിനിമകള്‍ കൊച്ചു പ്രേമന്‍ എന്ന നടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. മിഴികള്‍ സാക്ഷി, ലീല എന്നീ ചിത്രങ്ങളിലൂടെ വെറുമൊരു അഭിനേതാവ് എന്നതിന് അപ്പുറം മികച്ച നടന്‍ കൂടിയാണ് താന്‍ എന്ന് കൊച്ചു പ്രേമന്‍ തെളിയിച്ചു.

വളരെ ചുരുങ്ങിയ സമയങ്ങള്‍ മാത്രമാണ് ബിഗ് സ്ക്രീനില്‍ എത്തുന്നതെങ്കില്‍ കൂടി, തനിക്ക് കിട്ടുന്ന അവസരങ്ങള്‍ വളരെ നല്ല രീതിയില്‍ അഭിനയിച്ച്‌ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന നടനായിരുന്നു കൊച്ചു പ്രേമന്‍. ഒരുപാട് ഹാസ്യ താരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടെങ്കിലും അവരില്‍ നിന്നും കൊച്ചുപ്രേമനെ വ്യത്യസ്തനാക്കുന്നത് ഒട്ടും മടുപ്പ് തോന്നിപ്പിക്കാത്ത അദ്ദേഹത്തിന്‍റെ ശൈലിയും സംഭാഷണ അവതരണ രീതിയുമാണ്. അതുകൊണ്ട് തന്നെയാണ് ‘തൊട്ടു തൊട്ടില്ല തൊട്ടൂ.. തൊട്ടില്ല’ ഉള്‍പ്പടെയുള്ള സംഭാഷണങ്ങള്‍ മലയാളികളില്‍ ഇന്നും ചിരിയുണര്‍ത്തുന്നത്.

ദില്ലിവാല രാജകുമാരന്‍, തിളക്കം, കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓര്‍ഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കഥാനായകന്‍, ദി കാര്‍, ഗുരു, ഞങ്ങള്‍ സന്തുഷ്ടരാണ്, നാറാണത്ത് തമ്ബുരാന്‍, നരിമാന്‍, അച്ഛനെയാണെനിക്കിഷ്ടം, ഉത്തമന്‍, ഉടയോന്‍, തൊമ്മനും മക്കളും, മിഴികള്‍ സാക്ഷി, ആയിരത്തില്‍ ഒരുവന്‍, ശിക്കാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു സ്മാള്‍ ഫാമിലി, തേജാഭായി & ഫാമിലി, ട്രിവാന്‍ഡ്രം ലോഡ്ജ് , ദി പ്രീസ്റ്റ്, കൊച്ചാള്‍ എന്നിവയാണ് പ്രധാന സിനിമകള്‍.

Hot Topics

Related Articles