തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ തുക എഴുതിത്തളളി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സംഗീത നാടക അക്കാദമിയിൽ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നടപടി.
രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ ശിൽപിയുമായുളള കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. പ്രതിമയ്ക്ക് രൂപംമാറ്റം വരുത്താൻ പലതവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നിർമ്മാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു. ഇതിനു മുമ്പെ മുഴുവൻ തുകയും ശിൽപി കൈപറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് പ്രതിമ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ശിൽപി അഭ്യാർത്ഥിച്ചിരുന്നു.
ഇതിനെതുടർന്ന് ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിനു കൈമാറുകയുമായിരുന്നു. മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളി. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ.