ചെന്നൈ :നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ‘മൂന്ന് വർഷം മുമ്പ് ഞാൻ തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെന്നോണം നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. എന്റെ കുറവുകൾ അംഗീകരിക്കാൻ, എന്നെ ഞാനായിരിക്കാൻ നീ പഠിപ്പിച്ചു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ടവനായിരിക്കും’ മഞ്ജിമ പറയുന്നു.
1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.
2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.