അടൂര്‍: ക്രിസ്മസിന്റെ വരവറിയിച്ച് അടൂര്‍ മങ്ങാട് ജംഗ്ഷനില്‍ മുളന്താരകം ഉദിച്ചു. മുളന്തണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പടുകൂറ്റന്‍ നക്ഷത്രത്തെ നാടിന് സമ്മാനിച്ചത് മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനമാണ്. മുപ്പതടി പൊക്കവും പതിനഞ്ചടി വീതിയുമുണ്ട് ഈ നക്ഷത്രത്തിന്. നാല് വര്‍ഷം മുന്‍പാണ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിലെ കൂട്ടുകാര്‍ ഒന്നിച്ച് ആദ്യമായി കൂറ്റന്‍ നക്ഷത്രം നിര്‍മ്മിച്ചത്.
എന്നാല്‍ ഈ വര്‍ഷം പ്ലാസ്റ്റിക്ക്- ഫ്‌ളക്‌സ് ഒഴിവാക്കി നക്ഷത്രം ഉയര്‍ത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് മുള ഉപയോഗിച്ച് നക്ഷത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ എടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. മുള ഉപയോഗിച്ച് നിര്‍മ്മിച്ചതിനാല്‍ പ്രകൃതിസൗഹാര്‍ദ്ദം ആണെന്ന് മാത്രമല്ല, പണ്ട് കാലത്തെ ക്രിസ്മസ് തിരികെ ലഭിച്ചതായാണ് പ്രദേശത്തെ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പറയുന്നത്. നക്ഷത്രം കാണാന്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കും മുളന്താരകം ഒരുക്കിയതിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.