ആരാധനാലയങ്ങളെ സംഘര്‍ഷഭൂമി ആക്കിമാറ്റുന്ന ചില വ്യക്തികളുടെ ഗൂഢശ്രമങ്ങളെ മാത്രമേ സഭ എതിര്‍ത്തിട്ടുളളൂ; ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരം; അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികള്‍ ഇടവക പളളിയോടും സഭയോടും ചേര്‍ന്ന് നില്‍ക്കണമെന്നുളള കേരള ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ആരാധന നടത്തുവാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ കേസിന്റെ പരിഗണനാ വേളയിലാണ് ബഹു. കേരളാ ഹൈകോടതി ഈ പരാമര്‍ശം നടത്തിയത്. ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികള്‍ ഇടവക പള്ളികളോടും സഭയോടും ചേര്‍ന്നു നില്‍ക്കണം എന്നതാണ് ആരംഭം മുതല്‍ സഭയുടെ നിലപാട്. സുപ്രീം കോടതിയുടെ അന്തിമ വിധിയോടെ മലങ്കര സഭ ഒന്നായി തീര്‍ന്നിരിക്കുകയാണ്. സഭാ ഭരണഘടന അനുസരിച്ച് വിശ്വാസികള്‍ അവരവരുടെ ഇടവക പള്ളികളില്‍ തുടരണം എന്നതാണ് സഭയുടെ ആഹ്വാനവും ആഗ്രഹവും. മലങ്കര സഭയുടെ 1934-ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളുടെ സഭാപരവും കാനോനികവുമായ എല്ലാ അവകാശങ്ങളും നിറവേറ്റാന്‍ ഓര്‍ത്തഡോക്സ് സഭ എന്നും പ്രതിജ്ഞാബദ്ധമാണ്.

Advertisements

എന്നാല്‍ സഭാ ഭരണഘാടന അംഗീകരിക്കുന്നു എന്നതിന്റെ മറവില്‍ ഇടവകകളില്‍ നിയമാനുസൃത വികാരിയെ തടയുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ആരാധനാലയങ്ങളെ സംഘര്‍ഷഭൂമി ആക്കിമാറ്റുകയും ചെയ്യുന്ന ചില വ്യക്തികളുടെ ഗൂഢശ്രമങ്ങളെ മാത്രമേ സഭ എതിര്‍ത്തിട്ടുളളൂ. അത്് സഭ നിയമപരമായി തന്നെ നേരിടും. ബഹു. സുപ്രീം കോടതി അംഗീകരിച്ച മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഒരു സഭ മാത്രമേ മലങ്കരയില്‍ ഉളളൂ എന്ന് മനസ്സിലാക്കണം. ഇത് തന്നെയാണ് കേരളാ ഹൈകോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ‘ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം’ എന്ന സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍കൊണ്ട് ഒരു ആരാധനാ സമൂഹമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

Hot Topics

Related Articles