തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച
കോടശേരി പഞ്ചായത്തിലെ പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു. ചട്ടിക്കുളം ബാലന് പീടികയ്ക്ക് സമീപമുള്ള പന്നിഫാമിലെ 370 പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിച്ചത്. പന്നിഫാമിനോട് ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് വലിയ കുഴികളെടുത്ത് കുഴിച്ചിടുകയായിരുന്നു. ഒരു കുഴിയില്‍ 40 ഓളം പന്നികളെയാണ് സംസ്കരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച ഫാമില്‍ നിന്നു മറ്റിടങ്ങളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദാന്വേഷണം നടത്തുന്നുണ്ട്. ചെക്പോസ്റ്റുകള്‍ വഴിയുള്ള പന്നിക്കടത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി പന്നികള്‍ മറ്റുസ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ എന്നാണ് തിരക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളിലെ കണക്കെടുക്കാനാണ് നിര്‍ദേശിച്ചത്. ചെക്പോസ്റ്റുകള്ക്കു പുറമേ മറ്റു പ്രവേശനമാര്‍ഗങ്ങളിലും പരിശോധന നടത്തും. ഏതാനും മാസങ്ങള്‍ക്കു മുമ്പും ആഫ്രിക്കന്‍ പനി പലയിടത്തും പടര്‍ന്നിരുന്നു. രോഗം പെട്ടെന്ന് പടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
കുറച്ചുനാളുകള്‍ക്ക് മുമ്പ് കോടശ്ശേരിയിലെ ഫാമില്‍ കൂട്ടത്തോടെ 80ല്‍ പരം പന്നികള്‍ ചത്തൊടുങ്ങിയതോടെയാണ് പന്നിപ്പനി ബാധിച്ചെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ മരണകാരണം ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പോലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും നടത്തിവരികയായിരുന്നു.