ആലപ്പുഴ : അമ്പലപ്പുഴയിൽ ആക്രി സാധനങ്ങൾ പെറുക്കാനെന്ന വ്യാജേന കറങ്ങി നടന്ന് പകൽ മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ മധുര മുനിയാണ്ടിപുരം പാൽ പാണ്ടിയുടെ ഭാര്യ കലൈവാണി ( 32), മധുര മീനാക്ഷി കോവിൽ റോഡ് പരമശിവത്തിൻ്റെ ഭാര്യ ബൊമ്മി ( 45 ), മധുര മുനിയാണ്ടി പുരം ചന്ദ്രശേഖറുടെ ഭാര്യ ശെൽവി ( 32) എന്നിവരെ ആണ് നാട്ടുകാരുടെ സഹായത്തോടെ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തകഴിയിലുള്ള മുഹമ്മദ് ഷെഫീഖിന്റെ കണ്ണാട്ട് ഏജൻസിയുടെ കോമ്പൗണ്ടിൽ പണിക്കാർ പാചകത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് ചരുവവും, ഒരു ഗ്യാസ് സ്റ്റൗവും, പാത്രങ്ങളും ഇലക്ട്രിക്ക് മോട്ടോറും, ട്രോളിയുടെ ട്രേയും, ഇരുമ്പ് കമ്പികളും നാടോടി സ്ത്രീകൾ പകൽ സമയത്ത് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. അടുത്ത ദിവസം കട തുറക്കാൻ വന്നപ്പോളാണ് മോഷണ വിവരം ഉടമയായ മുഹമ്മദ് ഷെഫീഖ് അറിയുന്നത്. തുടർന്ന് അടുത്തുളള കടയിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധനയിൽ 3 സ്ത്രീകൾ സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് കണ്ടു. തുടർന്ന് ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും തൊണ്ടി മുതൽ ആലപ്പുഴയിൽ ഉള്ള ആക്രികടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. പ്രതികളായ നാടോടി സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.