പാമ്പാടി : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെയും ഫ്രണ്ട്സ് നേറ്റീവ്ബോൾ ക്ലബ്ബ് പാമ്പാടിയും സംയുക്താഭിമുഖ്യത്തിൽ പാമ്പാടി പഞ്ചായത്ത് മിനിസ്‌റ്റേഡിയത്തിൽ ഒരു മാസക്കാലമായി ഫെഡറേഷനിലെ 32 ടീമിനെയും പങ്കെടുപ്പിച്ച് നടന്നുവന്ന അഖില കേരള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനലിൽ മീനടം ടീം കുമാരനല്ലൂർ ടീമിനെ പരാജയപ്പെടുത്തി പ്രഥമ ഇഞ്ചിയിൽ അപ്പച്ചൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 25000 രൂപ സമ്മാന തുകയും നേടി. കേരള നേറ്റീവ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സന്ദീപ് കെ എസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.
സമ്മാനദാനം പാമ്പാടി പോലീസ് എസ് എച്ച് ഒ സുവർണ്ണ കുമാർ ഫെഡറേഷൻ രക്ഷാധികാരിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗവുമായ സതീഷ് വർക്കിയും ചേർന്ന് നിർവ്വഹിച്ചു. ജനപ്രതിനിധികൾ, ഫെഡറേഷൻ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവൻ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കോർ മീനടം നാലുവര ഒരു ചക്കര ഇണ്ടൻ ഒന്ന് കുമാരനല്ലൂർ 5 വരപര ഒരു ചക്കര പെട്ട മൂന്ന് കയറി വെട്ടാതെയാണ് മീനടം വിജയിച്ചത്.പരമ്പരയിലെ മികച്ച കളിക്കാരൻ അനന്ദു മീനടം, മികച്ച പിടുത്തക്കാരൻ മണിക്കുട്ടൻ കുമാരനല്ലൂർ, മികച്ച ഉയർത്തിവെട്ടുകാരൻ എൽദോ മീനടം, മികച്ച കൈവെട്ടുകാരൻ വിഷ്ണു ചമ്പക്കര സെവൻസ് , മികച്ച ഉയർത്തിയടികാരൻ ശബരി കുമാരനല്ലൂർ