ടിക്കറ്റ് വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് അക്ഷയ് കുമാറിന്റെ ന്യൂജേഴ്സി കൺസേർട്ട് റദ്ദാക്കി. പുതിയ ചിത്രം സെൽഫിയുടെ പരാജയമാക്കാം ആളുകൾ ടിക്കറ്റ് വാങ്ങാൻ മടിച്ചത്. അതേ സമയം ന്യൂജേഴ്സിയിൽ വച്ച് നടക്കുന്ന എന്റർടൈനേഴ്സ് ടൂറിൽ അക്ഷയ് കുമാറിനൊപ്പം നോറ ഫത്തേഹി, മൗനി റോയ്, ദിഷ പഠാണി എന്നിവർ പങ്കെടുക്കും.
മലയാള ചിത്രം ‘ഡ്രൈവിങ് ലൈസൻ’സിന്റെ ഹിന്ദി പതിപ്പാണ് ‘സെൽഫി’. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ആദ്യദിനം മുതൽ ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിനത്തിൽ വെറും 2.55 കോടി മാത്രമാണ് നേടാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെയുള്ള ദിവസങ്ങളിൽ 3.75 കോടി, 3.90 കോടി എന്നിങ്ങനെയാണ് കളക്ഷൻ. മൂന്ന് ദിനങ്ങൾ കൊണ്ട് 10 കോടിയോളമാണ് ചിത്രം നേടിയത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ താരത്തിന്റെ ഏറ്റവും കുറഞ്ഞ ആദ്യവാര കളക്ഷനിലേയ്ക്കാണ് ചിത്രം നീങ്ങുന്നത്.
സമീപകാലത്ത് ഇറങ്ങിയ ‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധൻ’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു.
അതേസമയം, ബോക്സോഫീസിൽ തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെടുന്നതിൽ പ്രതികരണവുമായി അക്ഷയ് കുമാർ എത്തിയിരുന്നു. പരാജയങ്ങളിൽ നിന്ന് മാറ്റം ഉൾകൊണ്ട് മുൻപോട്ടു പോകുമെന്നും, തന്നെ സംബന്ധിച്ച് തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു. തന്റെ കരിയറിൽ തുടർച്ചയായി 16 ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
സച്ചിയുടെ രചനയിൽ ലാൽ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസൻസ്’ സംവിധാനം ചെയ്തത്. 2019-ൽ റിലീസായ ഡ്രൈവിങ് ലൈസൻസ് മികച്ച വിജയം നേടിയിരുന്നു. തുടർന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരൺ ജോഹർ സ്വന്തമാക്കിയത്.
രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. റിഷഭ് ശർമയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.