ശബരിമല : കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.
ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവർ ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുഭവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കർപ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങൾ ശീവേലിയിൽ അണിനിരന്നു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കൽ എത്തിയശേഷം, പടികൾ കഴുകി അവയിൽ കർപ്പൂരപൂജയും ആരാധനയും നടത്തി. തുടർന്ന് അയ്യപ്പദർശനത്തനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.
ജനുവരി രണ്ടിന് ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തിൽ രഥഘോഷയാത്രയോടെ പുറപ്പെട്ട യോഗക്കാർ ഒട്ടേറെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി, 11 ന് എരുമേലി പേട്ടതുള്ളലും, 13ന് പമ്പവിളക്കും നടത്തിയ ശേഷമാണ് സന്നിധാനത്ത് എത്തിയത്.
19 ന് മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗപെരിയോൻ അമ്പാട് എ കെ വിജയകുമാർ യോഗപ്രതിനിധികളായ രാജേഷ് പുറയാറ്റിക്കളരി, ഗിരീഷ്.കെ.നായർ, ഷാജി മുത്തേടൻ, വെളിച്ചപ്പാടുകളായ ആഴകം ജയൻ, ദേവദാസ് കുറ്റിപ്പുഴ, വേണു കാമ്പള്ളി, അയ്യപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.