എടത്വ: കേരള പിറവി ദിനത്തില്‍ അഗതികള്‍ക്ക് സദ്യ ഒരുക്കി മുട്ടാര്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തലവടി സ്നേഹഭവനിലെ അന്തേവാസികള്‍ക്കാണ് സദ്യഒരുക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി തലവടി സ്നേഹഭവനില്‍ നടന്ന കുട്ടികളുടെ കേരളപ്പിറവി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സ്വന്തം നിലയില്‍ ശേഖരിച്ച ഭക്ഷ്യസാധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്ത കേരളപ്പിറവി ആഘോഷ സദ്യ കുട്ടികളും, അധ്യാപക-അനദ്ധ്യാപകരും ചേര്‍ന്ന് അന്തേവാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് നടന്ന കേരളപ്പിറവി ആഘോഷങ്ങള്‍ സ്‌നേഹഭവനിലെ ഏറ്റവും പ്രായം കൂടിയ അഗതി അപ്പുക്കുട്ടന്‍ നായര്‍ കേരളപ്പിറവി കേക്ക് മുറിച്ച് ആഘോഷിച്ചു. കുട്ടികള്‍ വീടുകളില്‍ നിന്ന് സമാഹരിച്ച നിത്യോപയോഗ സമ്മാനങ്ങള്‍ അന്തേവാസികള്‍ക്ക് നല്‍കി. കേരളത്തിന്റെ വിവിധ ശാസ്ത്രീയ കലാരൂപങ്ങളുടെ അരങ്ങേറ്റവും നടന്നു. സ്‌കൂള്‍ പ്രധാനധ്യാപിക സീനിയാമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. സിറില്‍ ചേപ്പില അനുഗ്രഹ സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ബിനു ജോണ്‍, പി.ടി.എ പ്രസിഡന്റ് ബിജു കെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ജമിന്‍ വാരപ്പള്ളി, ബിനോയി എം. ദാനിയല്‍, റോയി ജോസഫ്, ജോണിക്കുട്ടി തുരുത്തേല്‍, പ്രോഗ്രാം കണ്‍വീനര്‍ ബില്‍ബി മാത്യൂ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.