മലപ്പുറം ജില്ലയിലെ പുതുതായി നിലവില്‍ വന്ന ചാര്‍ജിങ് സ്‌റ്റേഷനുകളെല്ലാം പ്രവര്‍ത്തനസജ്ജമായി. നാലുചക്ര വാഹനങ്ങള്‍ക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റര്‍ യാത്രചെയ്യാം.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാല്‍ സ്‌റ്റേഷനുകളില്‍ തിരക്ക് കുറവാണ്. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ജനസൗഹൃദമാക്കാന്‍ മൊബൈല്‍ ചാര്‍ജിങ് സംവിധാനം, കുടിവെള്ളം എന്നിവ സ്ഥാപിക്കുന്നത് ബോര്‍ഡിന്റെ പദ്ധതിയിലുണ്ടെന്ന് കെ.എസ്.ഇ.ബി. അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അനീഷ് പാറക്കാടന്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയില്‍ മാത്രമായി 122 സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ നിലവിലുള്ളത്.
നാലുചക്ര വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനും ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമായി പോള്‍ മൗണ്ടഡ് സ്‌റ്റേഷനുമാണുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു മുതല്‍ നാലു വരെയും ഓട്ടോയ്ക്ക് നാല് മുതല്‍ ഏഴ് വരെയും യൂണിറ്റ് വൈദ്യുതി വേണ്ടി വരും. യൂണിറ്റൊന്നിന് ഒന്‍പതു രൂപയാണ് നിരക്ക്. ജി.എസ്.ടി.കൂടി ചേര്‍ന്ന് 10.62 രൂപയോളം ചെലവാകും.ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ ജി.എസ്.ടി.യും ചേര്‍ത്ത് യൂണിറ്റൊന്നിന് 15.34 രൂപയാണ് ചെലവ്. നാലുചക്ര വാഹനങ്ങള്‍ക്ക് 30 യൂണിറ്റ് ചാര്‍ജ് ചെയ്താല്‍ പരമാവധി 300 കിലോമീറ്റര്‍ വരെ ഓടാം.
വീടുകളില്‍ ചെയ്യുന്നതു പോലെ എ.സി.(ആള്‍ട്ടര്‍നേറ്റീവ് കറന്റ്) ചാര്‍ജിങ് സംവിധാനത്തിലൂടെ കാര്‍ പൂര്‍ണമായും ചാര്‍ജാകാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ ഡി.സി.(ഡയറക്ട് കറന്റ്) സംവിധാനത്തില്‍ ചുരുങ്ങിയ (50 മിനിറ്റ്) സമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.ചാര്‍ജ് മോഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടച്ചാണ് ചാര്‍ജിങ് സ്‌റ്റേഷന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഗോഈസി എന്ന ആപ്ലിക്കേഷനായിരുന്നു നേരത്തേ ഉപയോഗിച്ചിരുന്നത്. ഇത് മാറ്റിയാണ് ചാര്‍ജ് മോഡ് ആപ്പ് ലഭ്യമാക്കിയത്. ചാര്‍ജിങ്ങിന് വിവിധ പാക്കേജുകള്‍ ലഭ്യമാണ്. സമയവും അടയ്‌ക്കേണ്ട രൂപയും മുന്‍കൂട്ടി സെറ്റ് ചെയ്യാവുന്ന സൗകര്യവും ആപ്പിലുണ്ട്.
വാഹനം ചാര്‍ജു ചെയ്യുന്നതിനായി ചാര്‍ജ് മോഡ്’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. റീചാര്‍ജ് ചെയ്ത ശേഷം പോര്‍ട്ടബിള്‍ ചാര്‍ജര്‍ വാഹനവുമായി കണക്ട് ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജിങ് മോഡ് ഓപ്പണ്‍ ചെയ്ത് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ചാര്‍ജ് ചെയ്യാം.’ആപ്പി’ല്‍ സ്‌റ്റോപ്പ് ചാര്‍ജിങ് കൊടുത്ത് വാഹനം ഡിസ്‌കണക്ട് ചെയ്യാം. ഇ.വി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കായി കെ.എസ്. ഇ.ബി. വികസിപ്പിച്ചെടുക്കുന്ന കേരള ഇമൊബിലിറ്റി ആപ്പ് ഇപ്പോള്‍ പരീക്ഷണാവസ്ഥയിലാണ്. ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.