ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്ജുന് അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്.
ചിത്രത്തിന്റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഷോ ആരംഭിക്കുന്നതിന് മുന്‍പ് അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തിയതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന് ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞതിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന് ഭാസ്കര്‍ പോയി ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. തിരക്കിന്റേതായ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്.
അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്ജുന് രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സംഭവം നടന്നതില്‍ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോള്‍ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നല്കുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന് ശ്രീ തേജിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കും, അല്ലു അര്ജുന് അറിയിച്ചിരുന്നു.