ആലപ്പുഴ : പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രത്യേക പൂജ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പൂജ. മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.
ഗവര്‍ണറായി നിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് നിയമനത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഈ വര്‍ഷം തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും ഗവർണർ സമ്മാനിച്ചിരുന്നു. ഗവര്‍ണര്‍ നിയമനത്തിന് പിന്നാലെ ആനന്ദ ബോസും മമതയും തമ്മിൽ സഹകരിക്കുന്നതിൽ നേരത്തെ ബംഗാളിലെ ബിജെപി നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ച സമയത്ത് ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് കല്പിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടി ചര്‍ച്ചയായിരുന്നു.