ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് വീണ്ടും ഒരു ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തുന്നതായി റിപ്പോർട്ട് . ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തി , നാദിർഷ ആദ്യമായി സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് വരിക. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്. വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും.
ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ആയിരുന്നു പ്രഖ്യാപനം. “അമർ അക്ബർ അന്തോണിയുടെ ഒരു സീക്വൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്. കാര്യങ്ങൾ എല്ലാം ശരിയായി കഴിയുമ്പോൾ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കയാണ്”, എന്നാണ് വിഷ്ണു പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരേ കോളനിയിൽ താമസിക്കുന്ന മൂന്ന് ബാച്ചിലർ സുഹൃത്തുക്കളായാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ എത്തുന്നത്. ആഡംബര ജീവിതം നയിക്കുക, പട്ടായ സന്ദർശിക്കുക എന്നിവയാണ് അവരുടെ ലക്ഷ്യം. ഇവരെ ചുറ്റിപ്പറ്റിയും അവർക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതവുമാണ് ചിത്രം പറഞ്ഞത്. 2015ൽ റിലീസ് ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു എന്നാണ് പറയപ്പെടുന്നത്. ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസ് സി ലളിത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.