സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെൽ; 27 അംഗ കമ്മിറ്റി രൂപീകരിച്ചു; രൂപീകരിച്ചത് മോണിറ്ററിംങ് കമ്മിറ്റി

കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയിൽ ഫിലിം ചേമ്പറിന്റെ അധ്യക്ഷതയിൽ വനിത കമ്മിഷൻ അധ്യക്ഷ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളിൽ നിന്ന് മൂന്ന് പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളിൽ ഐസിസി പ്രവർത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.

‘അമ്മ’ സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പുനസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതീനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ദേവീ ചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐസിസിയ്ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു. ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ ‘അമ്മ’ സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു.

Hot Topics

Related Articles