കുമളി: ശുശ്രൂഷിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെതിരെ നടപടിയെടുത്ത് കേരള ബാങ്ക്. കുമളി പ്രധാന ശാഖയിലെ കളക്ഷൻ ഏജന്റായ എം.എം.സജിമോനെ ജോലിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍ സജിമോൻ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
സംഭവത്തില്‍ മകള്‍ സിജിയെ പഞ്ചായത്ത് ജോലിയില്‍നിന്ന് നേരത്തേ പിരിച്ചുവിട്ടിരുന്നു. മക്കള്‍ ഉപേക്ഷിച്ചതിനെ തുടർന്ന് കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു ജനുവരി 20-നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അന്നക്കുട്ടിയെ പോലീസ് ആശുപത്രിയിലെത്തിച്ചിട്ടും മക്കള്‍ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് ജില്ലാ ഭരണകൂടവും പോലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്കാരം നടത്തിയത്.