മലപ്പുറം: ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കമായി. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടയിലാണ് സമ്മേളനം. ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ ക്യാമ്പസില്‍ ലഘുലേഖ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
അതേസമയം ജാമിയ നൂരിയ്യ സമ്മേളനത്തില്‍ നിന്ന് സുന്നി നേതാക്കളെ വിലക്കിയ സംഭവം ലീഗ് – സുന്നി പോരായി വളരുന്നുമുണ്ട്. സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നല്കി ജാമിയ ക്യാമ്പസില്‍ ലഘുലേഖ പ്രചാരണം നടന്നു. കൂടാതെ പോഷക സംഘടനകളുടെ പ്രവാസി ഘടകങ്ങളും ഈ വിഷയത്തില്‍ പ്രതിഷേധ കുറിപ്പ് ഇറക്കി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയായ ഹമീദ് ഫൈസിക്ക് പുറമെ സത്താര്‍ പന്തല്ലൂര്‍, സലാഹുദ്ദീന് ഫൈസി തുടങ്ങിയവരെയും പ്രഭാഷകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രോഗ്രാം പട്ടികയില്‍ ഇവരുടെ ആരുടെയും പേരുകളില്ല. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധം ലീഗ് – സുന്നി പോരായി വളരുകയാണ്.