പനച്ചിക്കാട് : തെരുവിലിറങ്ങി തെരുവുനായ്ക്കളെ പിടികൂടി പേ വിഷ പ്രതിരോധ വാക്സിൻ നൽകിയ രണ്ടു ദിവസത്തെ ക്യാമ്പയിൻ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കി. പനച്ചിക്കാട് വെറ്റിനറി ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 84 തെരുവ് നായ്ക്കളെ പിടികൂടി പേ വിഷ പ്രതിരോധ വാക്സിൻ നൽകി .വെറ്റിനറി സർജൻ ഡോ. ജയന്ത് ഗോവിന്ദ് , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എസ് കൃഷ്ണകുമാരി , രമ്യാ കെ സുര , ജീവനക്കാരൻ വി സി ഷാജി എന്നിവരാണ് ഈ ക്യാമ്പയിന് നേതൃത്വം നൽകിയത് . ഇവരോടൊപ്പം നാല് പേരടങ്ങുന്ന ഡോഗ് ക്യാച്ചർമാരും രണ്ടു ദിവസത്തെ തീവ്രയജ്ഞ പരിപാടിയിൽ പങ്കെടുത്തു . വാക്സിൻ നൽകിയ നായ്ക്കളെ തിരിച്ചറിയുന്നതിനു വേണ്ടി ശരീരത്തിൽ നീല നിറത്തിലുള്ള പെയിന്റ് സ്പ്രേയ്ത് അടയാളം ഇട്ടിട്ടുണ്ട് . പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും നേരത്തെ തെരുവുനായ്ക്കളിൽ പേ വിഷബാധ കണ്ടെത്തിയിരുന്നു.