കൊച്ചി: വരുന്നത് ദൃശ്യം മൂന്നോ..? ആഗസ്റ്റ് 17 കാത്തിരിക്കാനുള്ള ആന്റണി പെരുമ്പാവൂരിന്റെയും ആശിർവാദ് സിനിമാസിന്റെയും പ്രഖ്യാപനം വന്നപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. രണ്ടാഴ്ചയിലേറെയായി മലയാള സിനിമാ മേഖലയിൽ ചർച്ചയായിക്കൊണ്ടിരുന്ന ദൃശ്യം മൂന്ന് എന്ന സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ. ആന്റണി പെരുമ്പാവൂരിന്റെയും, ആശിർവാദ് സിനിമയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 17 വരെ കാത്തിരിക്കൂ, ആ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ പറയുന്നത് ആന്റണി പെരുമ്പാവൂരിന്റെ ട്വിറ്ററിന്റെ സ്‌ക്രീൻഷോട്ട് ആശിർവാദ് സിനിമാസ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടതോടെയാണ് വീണ്ടും ദൃശ്യം മൂന്ന് ഇന്ന് ചർച്ചയായയത്.
2013 ഇൽ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായി എന്ന് മാത്രമല്ല, ചൈനീസ്, ശ്രീലങ്കൻ, ഇൻഡോനേഷ്യൻ ഭാഷകളുൾപ്പെടെ ഏഴോളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടും ചരിത്രമായി മാറി. അതിനു ശേഷം 2021 ഇൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസ് ചെയ്തു. ആഗോള തലത്തിൽ വരെ ശ്രദ്ധ നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗങ്ങളിലൊന്നായാണ് വിലയിരുത്തപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തു തന്നെ ഇതിനൊരു മൂന്നാമത്തേയും അവസാനത്തേയും ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ക്‌ളൈമാക്‌സ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാലുൾപ്പെടെയുള്ളവർക്കു അതേറെ ഇഷ്ടപെട്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ഈ മൂന്നാം ഭാഗം എന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. നേരത്തെ മഴവിൽ മനോരമയുടെ അമ്മ ഷോ ടീസറിൽ, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെയാണ് വീണ്ടും ചർച്ചയായത്.
മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ പാൻ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതൽ പാൻ ഇന്ത്യൻ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ, ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡ് ചെയ്യുകയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്. ഇതിനിടെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനത്തിനു കാതോർക്കാൻ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും നിർദേശിച്ചിരിക്കുന്നത്.