പന്തളം : സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മാതൃകയാണ് ആറന്മുള ജലോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള സത്രക്കടവിൽ ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകവും, പാരമ്പര്യ തനിമയും വിളിച്ചോതുന്നതാണ് ആറന്മുള ജലമേള. ജലോത്സവങ്ങൾക്ക് വിനോദ സഞ്ചാര മേഖല എന്ന രീതിയിൽ സംരക്ഷണം നൽകേണ്ടതുണ്ട്. സർക്കാർ അവയ്ക്കാവശ്യമായ പരിഗണന നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖല വഴി ഗുണകരമായ വികസനം സർക്കാർ ലക്ഷ്യമിടുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലുള്ള 12 പള്ളിയോടങ്ങൾക്ക് ഗ്രാൻ്റ് ലഭിച്ചില്ലെന്ന പരാതിയിൽ ഉടൻ നടപടി സ്വീകരിക്കും. ഉത്തൃട്ടാതി ജലമേള സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമാക്കുന്നതിനുള്ള പരിശോധനകളും ഇടപെടലുകളും നടത്തും. ചെങ്ങന്നൂർ, ആറന്മുള മണ്ഡലങ്ങൾ ചേർന്ന് പമ്പയാറിനെ ലക്ഷ്യം വച്ച് ചെങ്ങന്നൂർ- ആറന്മുള പൈതൃക ഗ്രാമം ഒരു കോടി രൂപ ചിലവിൽ നടപ്പിലാക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആറന്മുള ലോകത്തിനു നൽകിയ മഹത്തായ സംഭാവനയാണ് ജലമേളയും, വള്ളസദ്യയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പയുടെ മഹാപൂരമാണ് ഉത്തൃട്ടാതി വള്ളംകളി. ആറന്മുളക്കാരുടെ ജീവിതത്തിൻ്റേയും, അഭിമാനത്തിൻ്റേയും ഭാഗമാണ് ജലമേളയെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ജനതയുടെ ജീവനാഡിയാണ് ഉത്തൃട്ടാതി ജലമേളയെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. സുവനീർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയും പമ്പയും സംരക്ഷിക്കപ്പെടേണ്ടതാണ്. ആറന്മുളയെ ഫലഭൂവിഷ്ടമാക്കിയതും, സാംസ്കാരിക കേന്ദ്രമാക്കിയതും പമ്പാനദിയാണ്. ആറന്മുളയിലെ ജനതയുടെ ജീവിതത്തിൻ്റെ ഭാഗമാണ് വള്ളംകളിയെന്നും മന്ത്രി പറഞ്ഞു.
മത്സരവള്ളംകളി തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് മുന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർക്ക് നൽകി സുവനീർ പ്രകാശനം ചെയ്തു. ആൻ്റോ ആൻ്റണി എം.പി. മുഖ്യശില്പിയായ സന്തോഷ് ആചാരിയെ ആദരിച്ചു. രാമപുരത്തു വാര്യർ അവാർഡ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക് നൽകി. വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടി ആശാൻ മേലുകരയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദരിച്ചു.
പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.എസ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എംഎൽഎ മാരായ എ.പത്മകുമാർ, കെ.സി.രാജഗോപാൽ, മാലേത്ത് സരളാദേവി, മുൻ രാജ്യസഭാ അധ്യക്ഷൻ പി.ജെ.കുര്യൻ, പള്ളിയോട സേവാ സംഘം പാർത്ഥസാരഥി ആർ പിള്ള, ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, പി.എസ്.സി അംഗം സി.ജയചന്ദ്രൻ, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, തിരുവതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ ആർ.പ്രകാശ്, നായർ സർവീസ് സൊസൈറ്റി ട്രഷറാർ എൻ.വി.അയ്യപ്പൻ പിള്ള, വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.