മാഡ്രിഡ് : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബാഴ്സലോണ. പിഎസ്ജിയുമായുള്ള കരാര്‍ മെസി പുതുക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബാഴ്സയുടെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിത നീക്കങ്ങള്‍ പുരോഗമിക്കുന്നത്.മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന നീക്കം നടക്കുന്നതായാണ്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കൊപ്പം രണ്ട് അര്‍ജന്റീന താരങ്ങളെ കൂടി സൈൻ ചെയ്യാൻ ലയണല്‍ മെസി ബാഴ്സ മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. ഏഞ്ചല്‍ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവരുടെ പേരുകളാണ് മെസി നിര്‍ദ്ദേശിച്ചതെന്നാണ് സ്പാനിഷ് മാധ്യമം പറയുന്നത്.
35 കാരനായ ഡി മരിയയും 28 കാരനായ പരേഡസും നിലവില്‍ ഇറ്റാലിയൻ ക്ലബ് യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സീസണോടെ യുവന്റസുമായുള്ള ഡി മരിയയുടെ കരാര്‍ അവസാനിക്കും. പരിക്ക് മാറ്റിനിര്‍ത്തിയാല്‍ യുവന്റസിനായി മികച്ച ഈ സീസണില്‍ ഫോമില്‍ കളിച്ച ഡി മരിയ പക്ഷേ ഇറ്റാലിയൻ ക്ലബ്ബില്‍ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പോയിന്റ് വെട്ടികുറച്ചത് കാരണം യുവന്റസിന് അടുത്ത സീസണിലെ ചാമ്ബ്യൻസ് ലീഗ് കളിക്കാനാകില്ല. ഇതിനൊപ്പം കോച്ച് അലഗ്രിയുമായുള്ള അഭിപ്രായ വ്യത്യാസവും ക്ലബ് വിടാൻ അര്‍ജന്റീന താരത്തെ പ്രേരിപ്പിക്കുന്നുണ്ട്.
പിഎസ്ജിയില്‍ നിന്ന് ഈ സീസണിലേക്ക് ലോണിലാണ് ലിയാൻഡ്രോ പരേഡസ് യുവന്റസില്‍ എത്തിയത്. അര്‍ജന്റീന മിഡ്ഫീല്‍ഡറിന് യുവന്റസില്‍ തുടരാൻ താല്‍പ്പര്യമില്ല. മെസി ഇല്ലാത്ത പിഎസ്ജിയിലേക്ക് തിരികെ പോകാനും പരേഡസ് ഇഷ്ടപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സെര്‍ജിയോ ബുസ്കറ്റ്സ് ഈ സീസണോടെ ക്ലബ് വിടുന്ന സാഹചര്യത്തില്‍, മിഡ്ഫീല്‍ഡറായ ലിയാൻഡ്രോ പരേഡസിനെ സൈൻ ചെയ്യുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബാഴ്സ.
എന്തായാലും, ലയണല്‍ മെസിയെ സൈൻ ചെയ്യാനുള്ള ബാഴ്സയുടെ നീക്കങ്ങളുടെ പുരോഗതി അനുസരിച്ചിരിക്കും ഡി മരിയയുടെയും പരേഡസിന്റെയും കാര്യങ്ങളിലെ തീരുമാനം. കറ്റാലൻ ക്ലബ്ബില്‍ അര്‍ജന്റീന ടീമിലെ മൂന്ന് സുഹൃത്തുക്കള്‍ ഒരുമിച്ച് പന്ത് തട്ടുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.