ബ്യൂണസ് അയേഴ്സ് : ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ച താരമാണ് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.പൂര്‍ണ സമയത്തിന്റെ അവസാന വേളയിലും എക്സ്ട്രാ ടൈം തീരാന്‍ രണ്ട് മിനുറ്റ് മാത്രം അവശേഷിക്കെ സമനില ഗോളുകള്‍ നേടി അര്‍ജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടിയ എംബാപ്പെ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു.
അര്‍ജന്റീന ജേതാക്കളായപ്പോള്‍ ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയ്ക്ക് എതിരെ അര്‍ജന്റീനന്‍ ആരാധകർ തങ്ങളുടെ രോക്ഷം പ്രകടമാക്കി. എംബാപ്പെയുടെ ചിത്രം കത്തിച്ച് ആയിരുന്നു ആരാധകരുടെ പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംബാപ്പെയുടെ 24-ാം ജന്മദിനത്തിലാണ് അര്‍ജന്റീനന്‍ ആരാധകര്‍ എംബാപ്പെയുടെ കോലം കത്തിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. ഫൈനലിലെ ഹാട്രിക് അടക്കം ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് എംബാപ്പെ.
രണ്ട് മിനുറ്റിനിടെ ഇരട്ട ഗോളുമായി എംബാപ്പെ വിറപ്പിച്ചതോടെയാണ് ഫൈനലില്‍ അര്‍ജന്റീന മേധാവിത്തം കൈവിട്ടത്. 80, 118 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുറ്റില്‍ സൂപ്പര്‍ വോളിയിലൂടെയും എംബാപ്പെ വല കുലുക്കി.
ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് അര്‍ജന്റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്റെ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.