അരിക്കൊമ്ബനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ ? അരിക്കൊമ്ബനെ മാറ്റിയാല്‍ മറ്റൊരു ആന വരും : വിഷയം പഠിക്കാൻ അഞ്ചംഗ സമിതി ; നിർദേശങ്ങളുമായി ഹൈക്കോടതി 

കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഹൈക്കോടതി. അരിക്കൊമ്ബനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്ന് കോടതി ചോദിച്ചു. അരിക്കൊമ്ബനെ മാറ്റിയാല്‍ മറ്റൊരു ആന വരും. മാര്‍ഗരേഖ വേണമെന്നും കോടതി നിരീക്ഷിച്ചു. കാട്ടിലെ എല്ലാ മൃഗങ്ങളേയും കൂട്ടിലിടാന്‍ പറ്റില്ലല്ലോ. പിടികൂടിയ ശേഷം ആനയെ എന്ത് ചെയ്യും?. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. അരിക്കൊമ്ബനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. അന്തിമ തീരുമാനം വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിച്ചിട്ടാകാമെന്നും കോടതി പറഞ്ഞു. ആനയുടെ സഞ്ചാരപാതയിലും വാസമേഖലയിലും മനുഷ്യനെ പാര്‍പ്പിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. റീസെറ്റില്‍മെന്റ് നടത്തുമ്പോള്‍ ആനകളുടെ ആവാസ മേഖലയെന്നത് പരിഗണിച്ചില്ലേ?. മനുഷ്യവാസമുളള സ്ഥലങ്ങളില്‍ ആന വരാതിരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു?. 301 കോളനിയില്‍ താമസിക്കുന്നവരെ റീസെറ്റില്‍ ചെയ്യുന്നത് ആലോചിച്ചു കൂടേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 18 വര്‍ഷത്തിനിടെ ചിന്നക്കനാല്‍-ശാന്തന്‍പാറ ഭാഗത്ത് 34 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അരിക്കൊമ്ബന്റെ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. 52 വീടുകളും ഷോപ്പുകളുമാണ് 2017ല്‍ മാത്രം തകര്‍ത്തത്. അരിക്കൊമ്ബനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യുമെന്ന് വനം വകുപ്പ് ഹെെക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്ബനെ മാറ്റേണ്ടത് അനിവാര്യമാണെന്നും വനംവകുപ്പ് അറിയിച്ചു. ഇതിനു മുമ്ബും അരിക്കൊമ്ബനെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അരിക്കൊമ്ബനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച്‌ ഡീന്‍ കുര്യാക്കോസ് എംപിയും രംഗത്തെത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷയും നല്‍കി.

കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പും നാട്ടുകാരും. അനുകൂല വിധി ഉണ്ടായാല്‍ നാളെ തന്നെ അരിക്കൊമ്ബന്‍ ദൗത്യം ആരംഭിക്കും. ഇതിനായി എല്ലാവിധ സന്നാഹങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായാല്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

Hot Topics

Related Articles