ദില്ലി: അരിക്കൊമ്പനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്പ്പിച്ചവര്ക്കെതിരെയാണ് 25000 രൂപ സുപ്രീംകോടതി പിഴയിട്ടത്.
അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന് ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാല്‍ നിരന്തരമുള്ള അരിക്കൊമ്പന് ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ട. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് കോടതി വിമര്‍ശിച്ചു.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയിടാൻ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയും സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാൻ നിർദ്ദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.