അർജുൻ രക്ഷാദൗത്യം; ടഗ് ബോട്ട് ഇന്ന് വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് എത്തും

ബംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച്‌ പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.

Advertisements

ഇന്ന് വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാര്‍വാറില്‍ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കാര്‍വാറില്‍ നിന്ന് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. പുഴയില്‍ വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച്‌ തെരച്ചില്‍ തുടങ്ങാനായേക്കും. നേരത്തെ തിങ്കളാഴ്ച ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. നാവികസേനയുടെയും ഈശ്വർ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വ്യാഴാഴ്ച തെരച്ചില്‍ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവില്‍ ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.

Hot Topics

Related Articles