പെരിന്തല്‍മണ്ണ: നാലു കിലോ തൂക്കമുള്ള ഇരുതലമൂരിയെ ആറു കോടി രൂപയ്‌ക്ക് വില്‍ക്കാനെത്തിച്ച ഹെല്‍ത്ത് ഇൻസ്‌പെക്ടറടക്കമുള്ള ഏഴു പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ് (44), പറവൂര്‍ വടക്കുംപുറം സ്വദേശി കള്ളംപറമ്ബില്‍ പ്രഷോബ് (36), തിരുപ്പൂര്‍ സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി കൊമ്ബൻ വീട്ടില്‍ നിസാമുദ്ദീൻ (40), കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി പനക്കുന്നില്‍ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാൻകുഞ്ഞ് (50) എന്നിവരാണ് അറസ്റ്റിലായത്.
ബാഗില്‍ ഇരുതലമൂരിയുമായെത്തിയ സംഘത്തെ മാനത്തുമംഗലം ജംഗ്ഷന് സമീപത്തു നിന്നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടിയത്. പ്രഷോബും നിസാമുദ്ദീനുമാണ് രാമു, ഈശ്വരൻ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപയ്‌ക്ക് ആന്ധ്രയില്‍ നിന്ന് ഇരുതലമൂരിയെ കേരളത്തിലെത്തിച്ചത്. മറ്റുള്ളവര്‍ ഏജന്റുമാരാണ്. ഏജന്റുമാര്‍ മുഖേന ആറു കോടി വില പറഞ്ഞുറപ്പിച്ചാണ് വില്‍ക്കാൻ പെരിന്തല്‍മണ്ണയിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ വാങ്ങാനെത്തിയ ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതികളെയും പാമ്ബിനെയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനംവകുപ്പിന് കൈമാറി. സംഘത്തിലെ ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചെന്നും കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.