തലയോലപ്പറമ്പ് : സിലോൺ കവലയിൽ ടിപ്പറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. തലയോലപ്പറമ്പ് റോഡിൽ സിലോൺ കവലയ്ക്ക് സമീപം മാന്നാർ കൊരക്കാല ഭാഗത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ മുൻവശം തകർന്ന് കാലുകൾ ക്യാമ്പിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ രതിനെ കടുത്തുരുത്തി അഗ്നി രക്ഷാ സേനാ സംഘം ആണ് രക്ഷിച്ചത്.
ഫയർസ്റ്റേഷൻ ഓഫീസർ കെ.കലേഷ് കുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ബി. സന്തോഷ്, അജയകുമാർ, അഭിജിത്ത്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂറോളം സമയം എടുത്ത് ലോറിയുടെ മുൻവശം ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഡ്രൈവറെ 108 ആംബുലൻസിലെ സ്റ്റാഫ് നേഴ്സ് രാഖി ഡ്രൈവർ ബിലാൽ എന്നിവർ ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.