വിലക്ക് ലംഘിച്ചുള്ള പലസ്തീൻ റാലി: ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി മയപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി മയപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കടുത്ത നടപടികളൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. സീല്‍ ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച കെപിസിസി പ്രസിഡന്‍റ് തുറക്കും.

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ തുടര്‍ച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കെപിസിസി നടപടി എടുത്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വിഎസ് ജോയി പക്ഷം നല്‍കുന്നത്.

Hot Topics

Related Articles