കോട്ടയം: മാലിന്യമെന്ന കൺമുന്നിൽ നിറഞ്ഞു നിൽക്കുന്ന വലിയ മലയെ മറികടക്കാനുള്ള ഓട്ടത്തിലാണ് അഷറഫ് ഹനീഫ് എന്ന പാതി മലയാളിയായും വ്യവസായിയുമായ യുവാവ്. ആൻഡമാനിൽ നിന്നും അഷറഫ് ആരംഭിച്ച യാത്ര രാജ്യത്തെ റോഡുകളെ കീഴടക്കി ലഡാക്കിലെത്തി, തിരികെ ആൻഡമാനിൽ എത്തുമ്പോഴേയ്ക്കും അഷറഫ് കൂട്ടിച്ചേർക്കുക മാലിന്യ നിർമാർജനത്തിന്റെ പുതു ചരിത്രമാകും. തന്റെ 21 ആം വയസിൽ മാലിന്യത്തിനെതിരെ ആരംഭിച്ച കരുത്തുറ്റ പോരാട്ടത്തിന്റെ കഥയും, രാജ്യം എന്തുകൊണ്ട് മാലിന്യ മുക്തമാകണമെന്ന സന്ദേശവുമാണ് അഷറഫ് എന്ന യുവാവ് തന്റെ ബൈക്ക് യാത്രയിലൂടെ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 15 ന് ആൻഡമാൻ നിക്കോബാറിൽ നിന്നാണ് അഷറഫ് തന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. ആദ്യം ചെന്നൈയിലും പിന്നീട് തിരുവനന്തപുരത്തും എത്തിയ യാത്ര കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് എത്തി. ഏറ്റുമാനൂർ പാറോലിയ്ക്കലിലെ ഹാങ്ഔട്ട് സ്ട്രീറ്റ് ഫുഡ് ക്ലബിൽ വിശ്രമിക്കുന്നതിനിടെയാണ് ചരിത്രം തിരുത്താനുള്ള യാത്രയ്ക്കിറങ്ങിയ അഷറഫ് ജാഗ്രതാ ന്യൂസ് ലൈവുമായി സംവദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ 21 ആം വയസിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തിനായി സൗജന്യമായി പ്ലാറ്റ് അടക്കമുള്ള ക്രമീകരണം ഒരുക്കിയാണ് അഷറഫ് മാലിന്യത്തിനെതിരായ തന്റ പോരാട്ടം തുടങ്ങുന്നത്. ആൻഡമാനിലെ മാലിന്യ സംസ്‌കരണ പദ്ധതികളിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന മൂന്നു പ്ലാന്റുകൾ അഷറഫിന്റേതാണ്. ഈ പോരാട്ടത്തിന്റെ കരുത്ത് തന്നെയാണ് ഇത്തരത്തിൽ ഒരു ഇന്ത്യൻ യാത്രയ്ക്കിറങ്ങാൻ അഷറഫിനെ പ്രേരിപ്പിച്ചതും.
വെറുതെ ബൈക്കുമെടുത്ത് ഫ്രീക്കനടിച്ച് കറങ്ങി നടക്കുകയല്ല അഷറഫ് ചെയ്യുന്നത്. ഓരോ സംസ്ഥാനത്തും, ഓരോ ജില്ലയിലും എത്തി ഇവിടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളെപ്പറ്റി പഠിക്കാനും, കോളേജ് വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഭരണാധികാരികളും അടക്കമുള്ളവരുമായി സംവദിക്കാനും അഷറഫ് സമയം കണ്ടെത്തുന്നുണ്ട്. ഇത്തരത്തിൽ ഓരോ വിഭാഗത്തിൽപ്പെട്ടവരുമായി നേരിൽ കാണുകയും സംവദിക്കുകയും ചെയ്യുന്ന അഷറഫ് ഈ വിവരങ്ങൾ കുറിച്ച് വയ്ക്കുകയും ചെയ്യും. ഇത് കൂടാതെ ഇവരുടെ ചിത്രങ്ങളും ഫോട്ടോയും ശേഖരിച്ച് വയ്ക്കുകയും ചെയ്യുന്നുണ്ട് അഷറഫ്.
തിരുവനന്തപുരത്ത് ഹരിതകർമ്മ സേനാംഗങ്ങളെയും അധികൃതരെയും കാണുകയും, കോട്ടയത്തും എറണാകുളത്തും ഉദ്യോഗസ്ഥരുമായും സംവദിക്കാൻ സമയം കണ്ടെത്തിയ അഷറഫ് , ഏറ്റുമാനൂർ പാറോലിയ്ക്കലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ക്ലബിൽ എത്തി ഭക്ഷണം കഴിക്കുകയും, താമസിക്കുകയും ചെയ്തു. ഇതിനു ശേഷം വെള്ളിയാഴ്ച വൈകിട്ടോടെയാണ് യാത്ര പുനരാരംഭിച്ചത്.