സ്പോർട്സ് ഡെസ്ക്ക് : ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പുറകെ പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി. ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഫൈനലില്‍ പ്രവേശിക്കാൻ പാകിസ്ഥാനായില്ല. സെമിഫൈനലില്‍ അഫ്ഗാനിസ്സ്ഥാനോട് പരാജയപെട്ടാണ് പാകിസ്ഥാൻ പുറത്തായത്. മത്സരത്തില്‍ നാല് വിക്കറ്റിൻ്റെ വിജയം നേടികൊണ്ടാണ് അഫ്ഗാനിസ്ഥാൻ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. പാകിസ്ഥാൻ ഉയര്‍ത്തിയ 116 റണ്‍സിൻ്റെ വിജയലക്ഷ്യം 17.5 , ഓവറില്‍ അഫ്ഗാനിസ്ഥാൻ മറികടന്നു. 39 റണ്‍സ് നേടിയ നൂര്‍ അലി സദ്രാനും 26 റണ്‍സ് നേടിയ ക്യാപ്റ്റൻ ഗുല്‍ബാദിൻ നയ്ബുമാണ് അഫ്ഗാനിസ്ഥാന് വിജയം സമ്മാനിച്ചത്.
നാളെ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടും. ഒന്നാം സെമി ഫൈനലില്‍ ബംഗ്ളാദേശിനെ 9 വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോര്‍, 26 പന്തില്‍ 55 റണ്‍സ് നേടിയ തിലക് വര്‍മ്മ, 26 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ് എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം കുറിച്ചത്. നാളെ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും.