കൊച്ചി: ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം എല്ലാവരെയും സംബന്ധിച്ച് ഒരു ആഘോഷമാണെന്ന് നടൻ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുക ആയിരുന്നു മമ്മൂട്ടി. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി, മനസു കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേപോലെയാകാമെന്ന് അത്തച്ചമയാഘോഷ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകളിലേക്ക്…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഘോഷ പരിപാടികളിൽ ഞാൻ ആദ്യമായാണ് പങ്കെടുക്കുന്നത്. ഞാൻ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുൻപ് ഈ അത്താഘോഷത്തിൽ ഞാൻ വായിനോക്കി നിന്നിട്ടുണ്ട് (മമ്മൂട്ടി ചിരിച്ചു). എനിക്ക് അന്നും അത്ഭുതവും പുതുമയുമാണ്. ഇന്നും ആ അത്ഭുതമുണ്ട്. ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഒരാഘോഷമാണ്.
അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത്, രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി വരികയും പ്രജകൾ കാത്തു നിൽക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് രാജഭരണം പോയി, ഇപ്പോൾ പ്രജകളാണ് രാജാക്കന്മാർ. സർവാഭരണ വിഭൂഷിതരായി നമ്മളാണ് ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്.
സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ആഘോഷമായിട്ടാണ് അത്തച്ചമയം ആഘോഷിക്കുന്നത്. ഇത് വലിയ സാഹിത്യ, സംഗീത, സാംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈയെടുക്കണമെന്ന അപേക്ഷ ഒരു സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ എനിക്കുണ്ട്. ഇതിനേക്കാളും വലിയ ആഘോഷമാക്കാൻ നമുക്ക് സാധിക്കും. ഒരു ഘോഷയാത്ര എന്നതിനപ്പുറം, നമ്മുടെ സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകിയവരുടെ പ്രകടനങ്ങൾ കൂടി വെച്ചാൽ അതിന്റെ ഭംഗി വർദ്ധിക്കുകയും ലോകോത്തരങ്ങളായ ഒരുപാട് കലാരൂപങ്ങളിവിടെ അവതരിപ്പിക്കപ്പെടുകയും, അത് നമുക്ക് അനുഭവവേദ്യമാക്കി തീർക്കാൻ സാധിക്കുകയും ചെയ്യും. അത്തം എന്നത് കേരളത്തിന്റെ തന്നെ ഒരു ട്രേഡ് മാർക്ക് ആകുന്ന, സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരാഘോഷമാക്കി മാറ്റണം എന്ന അഭിപ്രായം കൂടി എനിക്കുണ്ട്.
ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കാണുക എന്ന സങ്കല്പം ഈ ലോകത്ത് നടന്നതായി നമുക്കറിയില്ല, ഈ സൃഷ്ടിയിൽ പോലും അങ്ങനെയൊന്നുണ്ടാകില്ല, പക്ഷെ മനസു കൊണ്ടും സ്നേഹം കൊണ്ടും ഒരേപോലെയുള്ള മനുഷ്യരാകാം നമുക്ക്. അതിന് ഈ ആഘോഷങ്ങളൊക്കെ ഉപകരിക്കട്ടെ. എല്ലാകാലവും ഓണത്തിന്റെ മനസോടെ എന്നും ഇരിക്കാൻ സാധിക്കട്ടെ.