ആഗസ്റ്റ് 13 ലോക അവയവദാന ദിനം : ദാനം ചെയ്‌താൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ? ദാനം ചെയ്‌തതിനു ശേഷം സാധാരണ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമോ? തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ രാജേഷ് ജോസഫ് എഴുതുന്നു  

ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. അവയവദാനം മഹാദാനം എന്നാണ് പറയുന്നത് എങ്കിലും മിക്കവരും അവയവ ദാനത്തെപ്പറ്റി സംശയങ്ങളുള്ളവരാണ്. എന്തുകൊണ്ട് അവയവം ദാനം ചെയ്യണം? ദാനം ചെയ്‌താൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ? ദാനം ചെയ്‌തതിനു ശേഷം സാധാരണ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസിലൂടെ കടന്നു പോകും.

Advertisements

നമ്മൾ ജീവിച്ചിരിക്കുമ്പോൾത്തന്നെയോ, മരണശേഷമോ മറ്റൊരാൾക്ക് ജീവൻ നല്കാൻ സാധിക്കുന്നു എന്നതിനാലാണ് ഇതിനെ മഹാദാനമായി വിശേഷിപ്പിക്കുന്നത്. കേൾക്കുമ്പോൾ വളരെ നല്ലതായി തോന്നുമെങ്കിലും ദാനം നല്കാൻ ഒരു അവസരം ലഭിച്ചാൽ നാം അനുകൂല നിലപാട് സ്വീകരിക്കാറില്ല. അവയവ ദാനത്തെ പറ്റി നിരവധി ആശങ്കകൾ നില നിൽക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുൻപോട്ട് വരാൻ മടിക്കുന്നത്. സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ വൃക്കയ്ക്കായി മാത്രം സംസ്ഥാനത്ത് കാത്തിരിക്കുന്നത് 2,600 രോഗികളാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് അവയവദാനം ? എങ്ങനെ ചെയ്യാം?

അവയവ ദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുന്നത്. ഇതിനെ നാം ‘ലൈവ് ഡോണർ ട്രാൻസ്പ്ലാൻ്റ് ‘ എന്ന് പറയും. മറ്റൊന്ന് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഇതിനെ ‘ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ലാൻ്റ്’ എന്ന് പറയുന്നു. പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് അവയവദാന പ്രക്രിയ നടക്കുന്നത്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് പ്രകാരമാണ് ഇന്ത്യയിലെ അവയവദാനം നടക്കുന്നത്.  മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങൾ സ്വീകരിക്കണമെങ്കിൽ സ്വീകർത്താവ് സർക്കാർ സംവിധാനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണം.

മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?

കരൾ, ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, ഹൃദയവാൽവ്, കോർണിയ, ശ്വാസകോശം, ചെറുകുടൽ, കൈ എന്നീ അവയവങ്ങൾ ബന്ധപ്പെട്ടവർ  സമ്മതിച്ചാൽ ദാനം ചെയ്യാവുന്നതാണ്. എന്നാൽ അപ്രതീക്ഷിത വാർത്തയുടെ മുന്നിൽ പതറിനിൽക്കുന്നവർക്ക് പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല.

ലൈവ് ഡോണേഴ്സിന് ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?

കരൾ, വൃക്ക, മജ്ജ  എന്നിവ നമുക്ക് ജീവനോടെയിരിക്കുമ്പോൾ ദാനം ചെയ്യാവുന്നതാണ്. ‘ലൈവ് ഡോണർ ട്രാൻസ്പ്ലാന്റിൽ’ തൻ്റെ ബന്ധുവിനോ അടുത്ത വ്യക്തിക്കോ മാത്രമേ കരള്‍ പകുത്ത് നല്‍കുകയോ, ഒരു കിഡ്‌നി നല്‍കുകയോ, മജ്ജ നല്‍കുകയോ ചെയ്യാൻ കഴിയുകയുള്ളു. 

അവയവങ്ങൾ ദാനം ചെയ്യാവുന്ന പ്രായം?

ആരോഗ്യപരമായി പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ പതിനെട്ട് മുതൽ അറുപത്തിയഞ്ച് വയസ്സ് വരെ ഉള്ളവർക്കു അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്.

അവയവദാന ശേഷം ദാതാവിന് സാധാരണ ജീവിതം നയിക്കാൻ  സാധിക്കുമോ?

സാധാരണ ഗതിയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. നല്ല ജീവിത ശൈലിയിൽ സാധാരണ രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകാവുന്നതാണ്.

ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ലോക അവയവദാന ദിനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, അവയവദാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുക, അവയവദാനത്തെ കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള സംശയവും മിഥ്യാധാരണകളും ഇല്ലാതാക്കിയ എല്ലാ അവയവ ദാതാക്കള്‍ക്കും നന്ദി അറിയിക്കുക, അവയവദാനത്തിനായി സമൂഹത്തിനെ പ്രേരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. Written by: 

https://www.bcmch.org/department/nephrology/dr-rajesh-joseph

Hot Topics

Related Articles