കോട്ടയം: നട്ടാശ്ശേരി മഠം ജങ്ഷനിൽ ഓട്ടോ ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. ഇടിച്ച ഓട്ടോ മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.45-ന് ശേഷമാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തിരുനക്കര കുളങ്ങര രാജശേഖരൻ നായർ (54), ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി (49), മക്കളായ ദേവിക (22), അനന്ദു (20), അമ്മിണിയുടെ ചേച്ചിയുടെ മകൾ ദേവലോകം കുരിക്കേശ്ശേരികരോട്ട് മീനു (25), ഓട്ടോ ഡ്രൈവര്‍ നട്ടാശ്ശേരി തെക്കേമറ്റത്തിൽ കൊച്ചുമോൻ (53) എന്നിവർക്കാണ് പരിക്കേറ്റത്.
കുമാരനല്ലൂർ അമ്പലത്തിലെ ആറാട്ടിന് പങ്കെടുക്കാനെത്തിയതാണ് ഓട്ടോയിലുള്ളവർ. പാറമ്പുഴ തടിഡിപ്പോയ്ക്ക് സമീപത്തെ ആറാട്ട് കടവിൽ ആറാട്ടെത്താൻ കുറച്ചുംകൂടി വൈകുമെന്നതിനാൽ ഇവരെ ബന്ധുക്കൾ ഓട്ടോയിൽ കയറ്റി തിരുനക്കരയിലെ വീട്ടിലേയ്ക്ക് വിട്ടു. നട്ടാശ്ശേരി മഠം ജങ്ഷനെത്തിയപ്പോൾ പെട്ടെന്ന് ഒരാൾ റോഡ് മുറിച്ച് കടക്കുകയും ഓട്ടോ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം നഷ്ടമായ ഓട്ടോ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ യാത്രികർക്കെല്ലാം പരിക്കേറ്റു. കോട്ടയം അഗ്നിരക്ഷാസേനയെത്തി റോഡിൽ പരന്ന ഓയിൽ കഴുകി വൃത്തിയാക്കി.