അബുദാബി : ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ അബുദാബിയില്‍ ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ മാത്രമല്ല ശിക്ഷ. അതിനൊപ്പം വാഹനം കണ്ടുകെട്ടുക കൂടി ചെയ്യും. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പിന്നെ തിരികെ ലഭിക്കണമെങ്കില്‍ 50,000 ദിര്‍ഹം അടയ്ക്കണം. മൂന്നു മാസത്തിനകം തുക അടച്ച് വാഹനം കൊണ്ടുപോയില്ലെങ്കില്‍ അത് ലേലത്തില്‍ വിറ്റ് തുക സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുകയും ചെയ്യും
Advertisements
വാഹനം കണ്ട് കെട്ടുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍:
- പോലിസ് വാഹനത്തില്‍ ഇടിക്കുകയോ അതിന് കേടുപാടുകള്‍ വരുത്തുകയോ ചെയ്യല്‍. പോലിസ് വാഹനത്തിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള തുകയോടൊപ്പം അര ലക്ഷം ദിര്‍ഹം പിഴയും ഈടാക്കും.
- നിയമ വിരുദ്ധമായി വാഹനം ഉപയോഗിച്ച് റോഡ് റേസിംഗ് നടത്തല്‍. ഇതില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്കും അര ലക്ഷം ദിര്‍ഹം പിഴയുമുണ്ട്.
- നിയമപ്രകാരമുള്ള നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കല്‍. ഇത്തരം കേസുകളിലും അര ലക്ഷം ദിര്‍ഹമാണ് പിഴ.
- അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം സൃഷ്ടിക്കല്‍. അതേപോലെ പെട്ടെന്ന് വാഹനം വെട്ടിച്ചും മുന്‍പിലുള്ള വാഹനവുമായി ആവശ്യത്തിന് അകലം പാലിക്കാതെയും യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാതെയും അപകടം ഉണ്ടാക്കിയാലും വാഹനം കണ്ടുകെട്ടും. ഇത്തരം കേസുകളില്‍ 5000 ദിര്‍ഹമാണ് ഫീസ്.
- 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍ സീറ്റിലിരുത്തി വാഹനം ഓടിക്കല്‍. 5000 രൂപയാണ് ഇതിനും പിഴ.
- വിവിധ ട്രാഫിക് നിയമ ലംഘനത്തിന് ഒരു വാഹനത്തിനുള്ള പിഴ 7000 ദിര്‍ഹമിന് മുകളിലായാലും ആ വാഹനം കണ്ടുകെട്ടും.
ഇത്തരം കേസുകളില്‍ പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ വാഹനം തിരിച്ചുകിട്ടുകയുള്ളൂ. മൂന്ന് മാസത്തിനുള്ളില്‍ പിഴ തുക പൂര്‍ണമായും അടക്കാത്ത പക്ഷം വാഹനം അബൂദാബി പോലിസ് ലേലം ചെയ്ത് വില്‍ക്കും. വാഹനം വിട്ടുകിട്ടുന്നതിന് നല്‍കേണ്ട ഫീസാണ് മുകളില്‍ പറഞ്ഞത്. നിയമ ലംഘനത്തിന് ഈടാക്കുന്ന മറ്റ് പിഴകള്‍ക്ക് പുറമെയാണിത്. - ട്രാഫിക് സിഗ്നലുകളിലെ റെഡ് ലൈറ്റ് ലംഘിച്ച് വാഹനം ഓടിക്കല്‍. 50,000 ദിര്‍ഹം പിഴയും ആറു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
- വാഹനത്തിന്റെ ചേസിസിനോ എഞ്ചിനോ നിയമവിരുദ്ധമായി ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തല്‍. 10,000 ദിര്‍ഹമാണ് പിഴ. ഈ കേസിലും 30 ദിവസത്തേക്കാണ് വാഹനം കണ്ടുകെട്ടുക.
- ലെയിനിലെ വാഹന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിനേക്കാള്‍ വര്‍ധിക്കല്‍. 5000 ദിര്‍ഹമാണ് ഫൈന്‍. 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
- അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍. അര ലക്ഷം ദിര്‍ഹമാണ് പിഴ. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ഇത്തരം കേസുകളില്‍ പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കണമെങ്കില്‍ നിശ്ചിത സമയം കഴിയണമെന്ന നിബന്ധനയുണ്ട്. കണ്ടുകെട്ടല്‍ കാലാവധി പൂര്‍ത്തിയായാല്‍ പിഴത്തുക അടച്ച് വാഹനം തിരികെ കൊണ്ടുപോവാം.