അയ്മനം :
മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അയ്മനത്തിന് രാജ്യാന്തര പുരസ്‌കാരം. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരമാണ് ലഭിച്ചത്. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവൽക്കരണം എന്ന കാറ്റഗറിയിലാണ് (നോ ഫുട് പ്രിന്റ്‌സ് ഗോൾഡ് അവാർഡ്) പുരസ്‌കാരം.
കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം മേഖലയിൽ നിർണായക നേട്ടമാണ് കൈവരിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ കൃഷ്ണ തേജ പുരസ്‌കാരം ഏറ്റുവാങ്ങി. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ നടന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018ലാണ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി തയാറാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി പഞ്ചായത്ത് രണ്ടുഘട്ടമായി നടപ്പാക്കുന്നത്. ആദ്യഘട്ടം പൂർത്തീകരിച്ചു. കഴിഞ്ഞ വർഷം അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത മാർച്ചിൽ പൂർത്തീകരിക്കും.
ആദ്യഘട്ടത്തിൽ 617 പ്രദേശവാസികൾക്ക് വിവിധ തൊഴിൽ പരിശീലനം നൽകി. 118 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു. പഞ്ചായത്തിൽ ഹോംസ്റ്റേകൾക്ക് തുടക്കം കുറിച്ചു. വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജ്, പക്ഷിനിരീക്ഷണ പാക്കേജ്, ഗ്രാമയാത്ര-കൾച്ചറൽ എക്‌സ്പീരിയൻസ് പാക്കേജുകൾ, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിങ്ങനെ വിവിധ ടൂർ പാക്കേജുകൾ നടപ്പാക്കി. വനിത ടൂർ കമ്മ്യൂണിറ്റി ടൂർ ലീഡർമാരുടെ നേതൃത്വത്തിലാണ് പാക്കേജുകൾ നടത്തുന്നത്. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉൾപ്പെടുത്തി തയാറാക്കി. വിനോദസഞ്ചാരികളുടെ ബുക്കിംഗ് ഉറപ്പാക്കി.
പദ്ധതിയുടെ ഭാഗമായി നടത്തിയ ആമ്പൽ ഫെസ്റ്റും മാലിന്യസംസ്‌ക്കരണത്തിനായി നടത്തിയ വേമ്പനാട് ശുചീകരണവും ശ്രദ്ധനേടി. ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടോർ ബോട്ടുകൾ എന്നിവയ്ക്കും റിസോർട്ടുകൾക്കും വീടുകൾക്കും തുണിസഞ്ചികൾ നൽകി. കഴിഞ്ഞ വർഷം ജനുവരിയിൽ ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടോർ ബോട്ടുകൾ, റിസോർട്ടുകൾ എന്നിവ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ചീപ്പുങ്കലിൽ കായൽ തീരത്ത് പാർക്ക്, ബോട്ട് ടെർമിനൽ എന്നിവയുടെ നിർമാണവും പദ്ധതിയുടെ നേട്ടമായി. കേരളത്തിലെ 13 പ്രദേശങ്ങളിൽ ആരംഭിച്ച പദ്ധതി ജില്ലയിലെ നീണ്ടൂർ, ആർപ്പൂക്കര, എഴുമാന്തുരുത്ത്, തിരുവാർപ്പ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ, മുൻ എം എൽ.എ. കെ. സുരേഷ്‌കുറുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ജില്ല കോ ഓർഡിനേറ്റർ വി.എസ്. ഭഗത് സിംഗ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമടം, ഗ്രാമപഞ്ചായത് പ്രസിഡന്റായിരുന്ന എ.കെ. ആലിച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
പുരസ്‌കാരം നേടിയ അയ്മനം പഞ്ചായത്തിനെയും മറ്റു സ്ഥാപനങ്ങളെയും ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
അയ്മനത്തിനൊപ്പം മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ വുമൺ സേഫ് ഡെസ്റ്റിനേഷൻ പദ്ധതിക്കും വൻ ടു വാച്ച് പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ കാറ്റഗറിയിൽ കുമരകം ലേക്ക്‌സോംഗ് റിസോർട്ടിനു ഡീ കാർബനൈസിംഗ് ടൂറിസം എന്ന മേഖലയിൽ സിൽവർ അവാർഡും മിയാവാക്കി വനവൽക്കരണം നടപ്പാക്കാൻ നേതൃത്വം നൽകിയതിന് തിരുവനന്തപുരത്തെ ഇൻവിസ് മൾട്ടിമീഡിയയ്ക്ക് ഇതേ കാറ്റഗറിയിൽ സിൽവർ അവാർഡും ലഭിച്ചു. അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ലോക ശ്രദ്ധയാകർഷിക്കുന്ന പ്രവർത്തനമാക്കി മാറ്റിയ ഉത്തരവാദിത്ത ടൂറിസം മിഷനെയും ഗ്രാമപഞ്ചായത്തിനെയും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു.