അയോധ്യ: രാമജന്മഭൂമിയിലേക്ക് ഒഴുകിയെത്തി വിശ്വാസികള്‍. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കള്‍ രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. കനത്ത സുരക്ഷാവലയത്തിലാണ് ക്ഷേത്രപരിസരം.
പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അയോധ്യ വിമാനത്താവളത്തില്‍ ഇറങ്ങും.10.55-ഓടെ ക്ഷേത്രത്തില്‍ എത്തും. അയോധ്യ ചടങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതല്‍ 84 സെക്കൻഡ് നീണ്ടുനില്‍ക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ.
ഒരുമണിക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഉള്‍പ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതല്‍ അതിഥികള്‍ക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2.10-ന് പ്രധാനമന്ത്രി കുബേർ തീലയിലെ ശിവക്ഷേത്രം സന്ദർശിക്കും. അയോധ്യയില്‍ പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും ആഘോഷങ്ങള്‍ക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗര വീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാസ്ത്രീയ സംഗീതോപകരണങ്ങളാല്‍ വാദ്യമേളുടെ അകമ്പടിയും പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഉണ്ടാകും. പരമ്പരാഗത സംഗീതോപകരണങ്ങളാണ് ഇതില്‍ ഉപയോഗിക്കുക. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ കലാകാരന്മാരുടെ ഓടക്കുഴല്‍, ധോലക്, കർണാടകയില്‍നിന്നുള്ള വീണ, മഹാരാഷ്ട്രയുടെ സുന്ദരി, പഞ്ചാബിന്റെ അല്‍ഗോസ, ഒഡിഷയുടെ മർദാല, മധ്യപ്രദേശിന്റെ സന്തൂർ, മണിപ്പൂരിന്റെ പങ്, അസമിന്റെ നഗാഡയും കാളിയും, ഛത്തീസ്ഗഢിന്റെ താംബൂര, ബിഹാറിന്റെ പക്കവാജ്, ഡല്‍ഹിയുടെ ഷെഹനായി, രാജസ്ഥാന്റെ രാവണ്ഹാഠ എന്നിവയുണ്ടാകും. കൂടാതെ, ബംഗാളില്‍നിന്നുള്ള ശ്രീഖോല്, സാരോദ്, ആന്ധ്രാപ്രദേശിന്റെ ഘടം, ഝാർഖണ്ഡിന്റെ സിത്താർ, തമിഴ്നാടിന്റെ നാദസ്വരവും മൃദംഗവും, ഉത്തരാഖണ്ഡിന്റെ ഹുദ്ക എന്നിവയും ചടങ്ങിന് മാറ്റുകൂട്ടും.