കോട്ടയം: ജില്ലയിൽ ബാംബു കർട്ടന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും. ചിങ്ങവനത്ത് തട്ടിപ്പ് സംഘം കറങ്ങുന്നതായുള്ള മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഇപ്പോൾ തട്ടിപ്പിന്റെ പുതിയ വേർഷൻ പുറത്തു വന്നിരിക്കുന്നത്. പുതുപ്പള്ളി വെട്ടത്ത് കവലയിലാണ് കൊല്ലത്ത് നിന്നെത്തിയ തട്ടിപ്പ് സംഘത്തിന്റെ പുതിയ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. 1500 രൂപ വില പറഞ്ഞ ബാംബു കർട്ടൻ സ്ഥാപിച്ചു കഴിഞ്ഞപ്പോൾ 17000 രൂപ വേണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. പുതുപ്പള്ളി വെട്ടത്ത് കവല ഏറാത്ത് വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നത്.
കൊല്ലത്ത് നിന്ന് എന്നു പരിചയപ്പെടുത്തിയെത്തിയ ബാംബു കർട്ടൻ സംഘമാണ് കഴിഞ്ഞ ദിവസം പുതുപ്പള്ളി വെട്ടത്ത് കവലയിലെ വീട്ടിൽ എത്തിയത്. 1500 രൂപയാണ് ഇവർ ബാംബു കർട്ടൻ സ്ഥാപിക്കുന്നതിനായി ആദ്യം ചിലവ് പറഞ്ഞത്. എന്നാൽ, കർട്ടൻ സ്ഥാപിച്ചു കഴിഞ്ഞ ശേഷം 17000 രൂപ ആകുമെന്നായി എത്തിയ സംഘം. ഇത്രയും വലിയ തുകയാണെങ്കിൽ തങ്ങൾക്ക് കർട്ടൻ ആവശ്യമില്ലെന്നായി കുടുബം. ഇതോടെ തട്ടിപ്പ് സംഘം തനി സ്വഭാവം പുറത്തെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിൽ അടിച്ചു പോയെന്നും പണം നൽകിയേപറ്റു എന്നും നിർബന്ധമായും പണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ കേസ് പൊലീസ് സ്റ്റേഷനിലേയ്ക്കും എത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് ഒത്തു തീർപ്പ് ചർച്ച നടത്തി. 17000 രൂപ ആവശ്യപ്പെട്ട കേസ് 6500 രൂപ നൽകി തീർപ്പാക്കുകയായിരുന്നു. വില കുറച്ച് പറഞ്ഞ് കർട്ടൻ സ്ഥാപിച്ച ശേഷം കൂടുതൽ തുക തട്ടിയെടുക്കുകയാണ് കൊല്ലത്ത് നിന്നെത്തുന്ന സംഘമാണ് ഇപ്പോൾ ജില്ലയിൽ സജീവമായിരിക്കുന്നത്.
നേരത്തെ ചിങ്ങവനത്ത് സമാന രീതിയിൽ തട്ടിപ്പ് നടത്തിയ സംഘത്തെപ്പറ്റി ചിങ്ങവനത്തെ വ്യാപാരികൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതുപ്പള്ളി വെട്ടത്ത് കവലയിൽ സംഘം നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം പുറത്തു വരുന്നത്.