മലപ്പുറം: ആരോപണ വിധേയനായ അസി. കമാൻഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. എസ്.ഒ.ജിയിലെ അസി. കമാൻഡൻറ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. 2023ല്‍ പൊലീസില്‍ നടത്തിയ മികച്ച സേവനം നടത്തിയവർക്കുള്ള പട്ടികയാണ് ഇന്ന് പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്. എസ്‌ഒജി കമാൻഡോയുടെ ആത്മഹത്യയില്‍ ഉള്‍പ്പെടെ അജിത് ആരോപണത്തില്‍ നില്‍ക്കുമ്പോഴാണ് ഡിജിപിയുടെ മെഡല്‍ പട്ടിക പുറത്തിറങ്ങുന്നത്.
ആരോപണങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രവർത്തനങ്ങള്‍ പരിഗണിച്ചാണ് നേരത്തെ പട്ടിക തയ്യാറാക്കിയതെന്നാണ് പൊലീസ് ആസ്ഥാനത്തിൻെറ വിശദീകരണം. അതേസമയം, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ കുടുംബം. അസിസ്റ്റന്‍റ് കമാന്‍റന്‍റ് അജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. വിനീതിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ഭാര്യ ആശുപത്രിയില്‍ ആയിട്ടും അവധി നല്‍കിയില്ലെന്നും സഹോദരൻ വിപിൻ പറഞ്ഞു. വ്യക്തി വൈരാഗ്യം തീര്‍ക്കാൻ തുടര്‍ച്ചായി വിനീതിനെതിരെ ശിക്ഷ നടപടികള്‍ ഉണ്ടായി.
ആത്മഹത്യ കടബാധ്യതയും കുടുംബപ്രശ്നവും കൊണ്ടാണെന്ന വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും സഹോദരനും വിനീതിന്‍റെ സുഹൃത്ത് സന്ദീപും പറഞ്ഞു.