മുംബൈ: ടോസ് നേടിയാലും ഇനി ഏതുടീമും സഞ്ജുവിനെയും സംഘത്തിനെയും ബാറ്റിംങിന് അയക്കാൻ ഭയക്കും..! പേരു കേട്ട റോയൽ ചലഞ്ചേഴ്‌സ് ബാറ്റർമാരുടെ നിരയെ അരിഞ്ഞു തള്ളി ചെറിയ സ്‌കോർ പ്രതിരോധിച്ചാണ് രാജസ്ഥാന്റെ പോരാളികൾ വിജയം സ്വന്തമാക്കിയത്. അവസാനം വരെ പൊരുതി നിൽക്കാൻ ഒരു പരാഗില്ലാതെ പോയതായിരുന്നു ബംഗളൂവിന്റെ ബാറ്റിംങിൽ നിർണ്ണായകമായത്്.
ടോസ് നേടി ബംഗളൂരു രാജസ്ഥാനെ ബാറ്റിംങിന് അയക്കുകയായിരുന്നു. പതറിത്തുടങ്ങിയ രാജസ്ഥാനെ ഞെട്ടിച്ച് 33 റണ്ണിനിടെ ജോസ് ബട്ട്‌ലറും, ദേവ്ദത്ത് പടിക്കലും പിഞ്ച് ഹിറ്ററായി ഇറക്കിയ അശ്വിനും മടങ്ങി. പിന്നാലെ, എത്തിയ സഞ്ജു മൂന്നു സിക്‌സ് സഹിതം 21 പന്തിൽ 27 റണ്ണെടുത്തെങ്കിലും സ്ഥിരം വേട്ടക്കാരൻ ഹസരങ്കയെ സ്വിച്ച് ഹിറ്റ് ചെയ്യാൻ ശ്രമിച്ച് ക്ലീൻ ബൗൾഡായി. 68 ന് നാല്, 99 അഞ്ച് എന്ന നിലയിൽ ടീം പരുങ്ങിയപ്പോഴാണ് റിയാൻ പരാഗ് അവതരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റെല്ലാവരും പരാജയപ്പെട്ടപ്പോൾ 31 പന്തിൽ 56 റണ്ണുമായി പരാഗ് പൊരുതി നിന്നു. നാലു സിക്‌സും മൂന്നു ഫോറും ടീം പ്രതിസന്ധിയിലായ ഘട്ടത്തിൽ പരാഗ് പറത്തി. ബംഗളൂരുവിന് വേണ്ടി സിറാജും, ഹെയ്‌സൽ വുഡും ഹസരങ്കയും രണ്ടു വീതം വിക്കറ്റ് നേടി. ഹർഷൽപട്ടേലിനാണ് ഒരു വിക്കറ്റ്.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ബംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോഹ്ലി ഒരു ഷോട്ട് ബോളിൽ കുടുങ്ങിയതോടെ ബംഗളൂരുവിന്റെ കഷ്ടകാലം തുടങ്ങി. പ്രസിദ് കൃഷ്ണയുടെ ഷോട്ട് ബോളിൽ ബാറ്റ് വച്ച് കോഹ്ലി താരമായ പരാഗിന് പന്ത് നൽകി മടങ്ങി. പിന്നാലെ, പ്രതീക്ഷയായി നിന്നിരുന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിനെയും, മാക്‌സ് വെല്ലിനെയും ഒറ്റ ഓവറിൽ മടക്കി കുൽദീപ് സെൻ ടീമിന് നിർണ്ണായക ബ്രേക്ക് ത്രൂ നൽകി. ബംഗളൂരുവിന്റെ അവസാന പ്രതീക്ഷയായിരുന്ന ദിനേശ് കാർത്തിക് അപ്രതീക്ഷിതമായി റണ്ണൗട്ട് കൂടി ആയതോടെ ടീം പൂർണമായും പ്രതിസന്ധിയാലായി. അവസാന ഓവറിന്റെ മൂന്നാം പന്തിൽ സിറാജിനെ പുറത്താക്കിയ പ്രസിദ് കൃഷ്ണ തന്റെ രണ്ടാം വിക്കറ്റ് പൂർത്തിയാക്കി. അർദ്ധ സെഞ്ച്വറിയടിച്ച് ടീമിനെ കര കയറ്റിയ പരാജ് നാലു ക്യാച്ചെടുത്ത് ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കും വഹിച്ചു.