ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് വായ്പയുടെ ഇ.എം.ഐ നിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് അവലോകന യോഗം തീരുമാനിച്ചു. വായ്പാ പലിശ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്താനാണ് ആർബിഐ തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി ഉയരും. റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. പണപെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി റിസർവ് ബാങ്ക് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസവും റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് ഉയർത്തിയിരുന്നു.