തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയില്‍ വെച്ച് അപകടം ഉണ്ടായത്. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോള്‍ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു.
അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. അനന്തുവിന്റെ പിതാവ് വുദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്ത് നിന്നും പിതാവ് നാളെ രാവിലെ നാട്ടിൽ എത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടുനൽകുന്നതാണ്. ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചർച്ചയില്‍ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി. അപകടത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകല്‍ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതർ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.