തിരുവനന്തപുരം: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ഈ മാസം ഏഴിനാരംഭിച്ച ‘ഭാരത് ജോഡോ’ പദയാത്രയ്ക്ക് കേരളത്തിൽ വൻ സ്വീകരണം. തിരുവനന്തപുരം പാറശാലയിൽ നിന്ന് രാവിലെ ഏഴിനാണ് പദയാത്ര ആരംഭിച്ചത്. ശശി തരൂർ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുതിന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയിൽ അണിനിരന്നിരിന്നു.
കാമരാജ് പ്രതിമയിൽ പുഷ്പാർഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ‘ഒന്നിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യമാണ് യാത്രയിൽ ഉയർത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുൽ ഗാന്ധിയോടൊപ്പം അണിനിരക്കുക. ഉച്ചയ്ക്ക് ശേഷം യാത്ര കോൺഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവർത്തകരും ചേർന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുൽ ഗാന്ധിയ്ക്കായി ഒരുക്കിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
19 ദിവസമാണ് പദയാത്ര കേരളത്തിലൂടെ കടന്നുപോകുന്നത്. പദയാത്രയായി 10.30ന് നെയ്യാറ്റിൻകര ഊരുട്ടുകാലയിൽ സ്വാതന്ത്യസമര സേനാനി ജി രാമചന്ദ്രന്റെ വസതിയായ മാധവി മന്ദിരത്തിൽ (ഡോ.ജി.ആർ. പബ്ലിക് സ്കൂൾ) എത്തും. തുടർന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിച്ച് പരമ്ബരാഗത നെയ്തുത്തൊഴിലാളികളുമായി സംവദിക്കും. വൈകിട്ട് നാലിന് അവിടെ നിന്ന് നേമത്ത് എത്തി സമാപനം. വെള്ളായണി കാർഷിക കോളേജ് അങ്കണത്തിലാണ് രാത്രി വിശ്രമം. 12ന് രാവിലെ 7ന് നേമത്ത് നിന്നാരംഭിച്ച് 10.30ന് പട്ടം സെന്റ്മേരീസ് സ്കൂൾ അങ്കണത്തിലെത്തും. വൈകിട്ട് നാലിന് അവിടെ നിന്ന് യാത്ര തുടരും. 7മണിക്ക് കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപനം. 13ന് രാവിലെ 7ന് കഴക്കൂട്ടത്ത് നിന്ന് പുറപ്പെട്ട് 10.30ന് മാമത്ത് എത്തും. പൂജാ ഓഡിറ്റോറിയത്തിൽ വിശ്രമം. വൈകിട്ട് നാലിന് തുടരുന്ന പദയാത്ര രാത്രി 7ന് കല്ലമ്ബലത്ത് സമാപിക്കും.
14ന് രാവിലെ 7ന് ആരംഭിച്ച് പത്ത് മണിക്ക് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തെത്തും. കൊല്ലം ജില്ലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയിൽ 14 വരെയാണ് പര്യടനം.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. മലപ്പുറം വഴി കർണാടകത്തിലേക്ക് കടക്കും. 118 സ്ഥിരം യാത്രികർ കാശ്മീർ വരെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റർ സഞ്ചരിച്ചാണ് പദയാത്ര കാശ്മീരിലെത്തുക.