കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് നടുറോഡിൽ വട്ടം കറങ്ങി മറിഞ്ഞു. റോഡിൽ വീണ ബൈക്കിൽ എതിർ ദിശയിൽ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. അമിത വേഗത്തിൽ ബൈക്കോടിച്ച് അപകടത്തിൽപ്പെട്ട് കൈ ഒടിഞ്ഞ ഏറ്റുമാനൂർ ഉണ്ണിക്കിഴിഞ്ഞാത്തോട്ടിൽ സൂര്യയെ (19) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു സൂര്യ സഞ്ചരിച്ച ബൈക്ക്. നീലിമംഗലം പാലത്തിൽ വച്ച് അമിതവേഗത്തിൽ, ഇതേ ദിശയിൽ തന്നെ സഞ്ചരിച്ച കാറിനെ മറികടക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം എതിർ ദിശയിൽ സംക്രാന്തി ഭാഗത്തു നിന്നും എത്തിയ രണ്ടു ബൈക്കുകൾ ഈ ബൈക്കിലേയ്ക്ക് ഇടിച്ചു കയറി. ഇതേ തുടർന്നു രണ്ടു ബൈക്കിലുണ്ടായിരുന്ന യാത്രക്കാരും റോഡിൽ മറിഞ്ഞു വീണു. അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന യുവാവിന്റെ കൈ ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഉണ്ണി ഒഴിയെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്നു ഇരുപത് മിനിറ്റോളം നീലിമംഗലം പാലത്തിൽ ഗതാഗതം തടസപ്പെട്ടു.