കോട്ടയം : ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്ക്കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും. 4000 താറാവുകളെ കൊന്ന് സംസ്ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും പൊലീസിനും നിർദ്ദേശം നൽകിയതായി കളക്ടർ പറഞ്ഞു.