കൊച്ചി : ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിപി മുകുന്ദന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.77 വയസായിരുന്നു. ബിജെപി മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്. ബിജെപിയുടെ ദേശീയ നിര്‍വാഹക കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ മുകുന്ദന് ആര്‍എസ്എസിലൂടെയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കോലീബി സഖ്യത്തില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു മുകുന്ദന്. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായും പിന്നീട് പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1988 മുതല്‍ 95 വരെ ബിജെപി സംസ്ഥാന മുഖപത്രമായ ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. 1991 മുതല്‍ 2007 വരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 2005 മുതല്‍ 2007 വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി.
2006-ല്‍ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം പത്തു വര്‍ഷത്തോളം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്നു. പിന്നീട് 2016-ല്‍ ബിജെപിയില്‍ തിരിച്ചെത്തിയെങ്കിലും കാര്യമായി സജീവമായില്ല.