ന്യൂസ് ഡെസ്ക് : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ന്യൂനമര്‍ദ്ദം പടിഞ്ഞാറു നിന്നും വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 29 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. വടക്കു പടിഞ്ഞാറു ദിശയില്‍ രൂപപ്പെടുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്‌നാട് തീരത്ത് 0.3 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.