സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ നേതൃനിരയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ മുഖ്യ ഓഹരി ഉടമകള്‍.ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജൂ രവീന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഓഹരിയുടമകള്‍ ആവശ്യമുന്നയിച്ചിരിക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയുടെ പ്രധാന നിക്ഷേപകരായ ജനറല്‍ അറ്റ്ലാന്റിക്, പ്രോസസ് വെഞ്ച്വേഴ്സ്, പീക്ക് എക്സ്വി, ചാന് സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് എന്നിവയാണ് അസാധാരണ പൊതുയോഗം വിളിക്കണമെന്നും കമ്പനിയുടെ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. അസാധാരണ പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിലും ഡിസംബറിലുംനോട്ടീസ് അയച്ചിരുന്നെങ്കിലും ബോര്‍ഡ് ഇത് നടത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ആവശ്യമുന്നയിച്ചിരിക്കുന്നത്. ബൈജൂസിന്റെ വക്താക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.