ബി എം ഡബ്യു കാറിന് സൈഡ് നൽകിയില്ല : കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ 

കോട്ടയം : ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ഭാഗത്ത് തെന്നടി വീട്ടിൽ ചെറിയാൻ മകൻ അമേഗ് റ്റി. ചെറിയാൻ (24), അകലക്കുന്നം മറ്റക്കര  ദേവീക്ഷേത്രത്തിനു സമീപം കൃഷ്ണകൃപ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ അനന്തകൃഷ്ണൻ (25), പാല മീനച്ചിൽ പന്ത്രണ്ടാം മൈൽ ഭാഗത്ത് ആനിമൂട്ടിൽ വീട്ടിൽ ബിനോയി മകൻ എബിൻ ബിനോയ്  (25), പാല മേവട മുത്തോലി ഭാഗത്ത് ചെങ്ങഴശ്ശേരിൽ വീട്ടിൽ ശശീന്ദ്രൻ മകൻ ആനന്ദ് (25), പാലാ മുരുക്കുപുഴ എസ്.എച്ച് കോൺവെന്റിനു സമീപം മണിച്ചിറ വീട്ടിൽ ബെന്നി തോമസ് മകൻ അനൂപ് ബെന്നി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 31 ന്  രാത്രി 10:30 മണിയോടുകൂടിയായിരുന്നു കേസിനാസ്പദമായ  സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബി എം ഡബ്യു കാറിന് മതുമൂല ഭാഗത്ത് വച്ച് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ബസ് ചങ്ങനാശ്ശേരി കെഎസ്ആർ റ്റി.സി സ്റ്റാൻഡിനു മുൻവശം നിർത്തി ആളുകളെ ഇറക്കിയ സമയം ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ ചീത്ത വിളിക്കുകയും,അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടൻതന്നെ യുവാക്കളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, സജിമോൻ കെ.എസ്, ജോസഫ് കുട്ടി, പ്രസാദ് ആർ.നായർ, എ.എസ്.ഐ സിജൂ കെ.സൈമൺ, അനിൽകുമാർ ഇ.കെ, സി.പി.ഓ മാരായ കുര്യാക്കോസ്, വിശ്വനാഥൻ, മോബിഷ്, മജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

ഇവർക്കെതിരെ ഡ്രൈവറെ ആക്രമിച്ച കേസും, കൂടാതെ  കെ.എസ്.ആർ.റ്റി.സി ബസിന് കേടുപാട് വരുത്തിയതിനാൽ പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടാതെ ഇവര്‍  സഞ്ചരിച്ചിരുന്ന ബി എം ഡബ്യു കാർ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Hot Topics

Related Articles