ഡല്‍ഹി : പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ നടപടികളുമായി കേന്ദ്രം. 2019ലെ പൗരത്വ നിയമ ഭേദഗതിക്ക് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിയമത്തിന്റെ ചട്ടങ്ങളും വൈകാതെ പുറത്തിറങ്ങും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ യോഗ്യരായ വ്യക്തികളെ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. 2019ല്‍ ബില്‍ പാസ്സാക്കി, രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നില്ല.
കൊവിഡ് ഉള്‍പ്പെടെ നിയമം നടപ്പാക്കാത്തതിന് തടസ്സമായി. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നൽകാനാണ് പൗരത്വ നിയമ ഭേദഗതി (സിഎഎ) ലക്ഷ്യമിടുന്നത്. 2014 ഡിസംബറിന് മുൻപ് രാജ്യത്തേക്ക് കുടിയേറ്റം നടത്തിയവര്‍ക്ക് മറ്റ് നിലവിലുള്ള പൗരത്വ നിബന്ധനകളില്‍ ഇളവ് നല്‍കിക്കൊണ്ടാണ് പൗരത്വം നല്‍കുന്നത്.